അബുദാബി: ഐപിഎൽ മിനി താരലേലം ഇന്ന് നടക്കാനിരിക്കേ അബുദാബിയിൽ സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച മോക് ഓക്ഷനിൽ റിക്കാർഡ് തുക സ്വന്തമാക്കി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീൻ.
മോക് ഓക്ഷനിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റോബിൻ ഉത്തപ്പ കാമറൂണ്‍ ഗ്രീനിനായി 30.50 കോടി രൂപയാണ് ചെലവഴിച്ചത്.
ചെന്നൈ താരമായിരുന്ന ശ്രീലങ്കൻ പേസർ മതീഷ് പതിരാനയെ 3 കോടിക്കും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെ 2.5 കോടിക്കും രാഹുൽ ത്രിപാഠിയെ 75 ലക്ഷം രൂപയ്ക്കും കോൽക്കത്തയ്ക്കായി ഉത്തപ്പ ടീമിലെത്തിച്ചു.
കാമറൂണ്‍ ഗ്രീൻ കഴിഞ്ഞാൽ മോക് ഓക്ഷനിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണായിരുന്നു. ലക്നൗവിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇർഫാൻ പത്താൻ ലിവിംഗ്സ്റ്റണായി 19 കോടി രൂപയാണ് മുടക്കിയത്.
അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിച്ച സുരേഷ് റെയ്ന സ്പിന്നർ രാഹുൽ ചാഹറിനായി 10 കോടി രൂപ ചെലവഴിച്ചതും ശ്രദ്ധേയമായി. ആൻറിച്ച് നോർക്യക്കായി റെയ്ന 7.5 കോടിയും സർഫറാസ് ഖാന് ഏഴ് കോടിയും മുടക്കി. മുൻ ഇന്ത്യൻ പേസർ ശിവം മാവിയെ 2.5 കോടിക്കും ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാനവിലയായ രണ്ട് കോടിക്കും റെയ്ന ടീമിലെത്തിച്ചു.
ആർസിബിയെ പ്രതിനിധീകരിച്ച അനിൽ കുംബ്ലെ ഇന്ത്യൻ പേസർ ചേതൻ സക്കരിയക്കായി 6.5 കോടി മുടക്കി. വെങ്കടേഷ് അയ്യർക്കായി ആറ് കോടിയും ഇന്ത്യൻ പേസർ നവദീപ് സെയ്നിക്കായി 1.75 കോടിയും കുംബ്ലെ മുടക്കി.
ലേലത്തിൽ കുറഞ്ഞ തുക കൈയിലുള്ള മുംബൈ ഇന്ത്യൻസ് മോക്ക് ഓക്്ഷനിൽ ശക്തമായി രംഗത്തിറങ്ങിയില്ല. ആകെ 30 താരങ്ങളാണ് മോക് ഓക്്ഷനിൽ പങ്കെടുത്തത്.
- മോക് ഓക്ഷനിലെ വിലകൂടിയ താരങ്ങൾ:
- കാമറൂണ്‍ ഗ്രീൻ- 30.50 കോടി രൂപ (കോൽക്കത്ത)
- ലിയാം ലിവിംഗ്സ്റ്റണ്- 19 കോടി രൂപ (ലക്നോ)
- മതീഷ പതിരാന- 13 കോടി രൂപ (കോൽക്കത്ത)
- രവി ബിഷ്ണോയി- 11.50 കോടി രൂപ (രാജസ്ഥാൻ)
- രാഹുൽ ചാഹർ- 10 കോടി രൂപ (ചെന്നൈ)